കൊല്ലം: ജനുവരി നാലുമുതൽ എട്ടുവരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി, പന്തൽ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആശ്രാമം മൈതാനത്ത് അറുപതിനായിരം ചതുരശ്ര അടിയിൽ പ്രധാനവേദിയുടെ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഏഴായിരത്തോളം പേർക്കാണ് പ്രധാന വേദിയിൽ ഇരിപ്പിടം ഒരുക്കുന്നത്.
ചെറുതുരുത്തി ഭാരത് പന്തൽ വർക്സ് എന്ന ഏജൻസിക്കാണ് നിർമാണച്ചുമതല. 50 ലക്ഷം രൂപയ്ക്കാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നത്. പ്രധാന വേദി ഒരുകോടി രൂപയ്ക്ക് ഇൻഷുർ ചെയ്തിട്ടുണ്ട്. കലോത്സവ ചരിത്രത്തിലാദ്യമായാണ് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതെന്ന് സംഘാടകർ പറഞ്ഞു.
വിവിധ മേഖലകളിലായി 150-ഓളം പവിലിയനുകൾ മാധ്യമങ്ങൾക്കുൾപ്പെടെ ഒരുക്കിയിട്ടുണ്ട്. 7000 ചതുരശ്ര അടി വിസ്തീർണമുള്ള പാചകപ്പുരയുടെ നിർമാണവും അവസാനഘട്ടത്തിലാണ്. സൗകര്യപ്രദമായി ക്യൂവിൽ ഭക്ഷണശാലയിൽ എത്തുന്നതിനായി ഉൾപ്പെടെ പന്തലുകൾ സജ്ജമാക്കുന്നുണ്ട്. ശൗചാലയ സംവിധാനങ്ങളുടെ നിർമാണവും പുരോഗമിക്കുന്നു. സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റിയുടെ ചുമതല ദേശീയ അധ്യാപക പരിഷത്തിനാണ്. 2000 ചതുരശ്ര അടി വിസ്തീർണത്തിലാണ് സംഘാടകസമിതി ഓഫീസ് തയ്യാറാക്കിയിരിക്കുന്നത്. എല്ലാ പന്തലുകളുടെയും വേദികളുടെയും നിർമാണം ജനുവരി രണ്ടിനുമുമ്പ് പൂർത്തിയാകുന്ന തരത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി കൺവീനർ പി.എസ്.ഗോപകുമാറും ജോയിന്റ് കൺവീനർ പാറങ്കോട് ബിജുവും അറിയിച്ചു.