ചെത്തോങ്കര ∙ റോഡിലെ വീതി കുറവ് പരിഹരിക്കാൻ ഒത്തുചേർന്ന് റസിഡൻസ് അസോസിയേഷൻ. ചെത്തോങ്കര–മുക്കാലുമൺ റോഡിലെ വീതി കുറവ് പരിഹരിക്കുന്നതിനാണ് നാട്ടുകാർ ചേർന്നു രൂപീകരിച്ച റസിഡൻസ് അസോസിയേഷൻ രംഗത്തിറങ്ങിയത്. ചെത്തോങ്കര–അത്തിക്കയം, ഒഴുവൻപാറ–അമ്മച്ചിക്കാട് എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന ഇടറോഡാണിത്. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ചെത്തോങ്കര ജംക്ഷനും ഇട്ടിയപ്പാറ സെൻട്രൽ ജംക്ഷനും മധ്യേ ഗതാഗത കുരുക്കു നേരിട്ടാൽ വാഹനങ്ങൾ തിരിച്ചു വിടുന്നത് ഇതിലെയാണ്. വീതി കുറവാണ് റോഡിന്റെ പ്രശ്നം. തകർന്നു കിടന്ന ഭാഗം റാന്നി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചിരുന്നു.
റോഡിന്റെ വശങ്ങളിൽ തള്ളിയിരുന്ന തടികളും നിർമാണ സാമഗ്രികളും നീക്കിയും കട്ടിങ് വെട്ടി നിരപ്പാക്കിയുമാണ് വീതി പരമാവധി കൂട്ടിയത്. ചെറുതും വലുതുമായ വാഹനങ്ങൾ തുടരെ ഓടുന്ന റോഡാണിത്. ഇതു പിഡബ്ല്യുഡി ഏറ്റെടുത്ത് നവീകരിച്ചാൽ ജണ്ടായിക്കൽ, കിടങ്ങുമൂഴി, വടശേരിക്കര, ബംഗ്ലാംകടവ്, വലിയകുളം, മോതിരവയൽ, കച്ചേരിത്തടം, അടിച്ചിപ്പുഴ, ചിറ്റാർ, സീതത്തോട് തുടങ്ങിയ മേഖലകളിൽ താമസിക്കുന്നവർക്ക് ഇട്ടിയപ്പാറ ടൗണിലെ തിരക്കിൽപെടാതെയും വൺവേയിൽ കറങ്ങാതെയും കുറഞ്ഞ ദൂരത്തിൽ മന്ദമരുതി, മണിമല, എരുമേലി പ്രദേശങ്ങളുമായി ബന്ധപ്പെടാം.