ഓരോ അസോസിയേഷനും എന്യൂമറേഷന് ഫോം വിതരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ ബൂത്ത് ലവല്‍ ഓഫീസര്‍ മാര്‍ക്ക് പൂര്‍ണ സഹകരണം നല്‍കണമെന്നും രത്തന്‍ ഖേല്‍ക്കര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ഡിസംബര്‍ നാല് വരെ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്(എസ്ഐആര്‍) റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണവും പങ്കാളിത്തവും അഭ്യര്‍ഥിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. യു ആര് രത്തന്‍ ഖേല്‍ക്കര്‍. ഓരോ വീട്ടുകാരും അവരുടെ കുടുംബങ്ങളും ഉള്‍പ്പെടെ അര്‍ഹരായ ഓരോരുത്തരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കുന്ന പ്രക്രിയയ്ക്ക് റസിഡന്‍സ് അസോസിയേഷൻ്റെ സ്ഥാനം നിര്‍ണായകമാണ്. ഇതിനായി ഓരോ അസോസിയേഷനും എന്യൂമറേഷന് ഫോം വിതരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ ബൂത്ത് ലവല്‍ ഓഫീസര്‍ മാര്‍ക്ക്(ബിഎല്‍ഒ) പൂര്‍ണ സഹകരണം നല്‍കണമെന്നും രത്തന്‍ ഖേല്‍ക്കര്‍ അഭ്യര്‍ഥിച്ചു. ബിഎല്‍ഒമാര്‍ എന്യൂമറേഷന് ഫോമുമായി എത്തുമ്പോള്‍ അവര്‍ക്ക് ആവശ്യമായ പിന്തുണ നല്കി അസോസിയേഷനിലുള്പ്പെട്ട വീടുകളില്‍ റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ ഒപ്പം പോകാന്‍ ശ്രദ്ധിക്കണം. ഇതിനായി അസോസിയേഷൻ്റെ ഏതെങ്കിലും ഒരു ഭാരവാഹിയെ ബിഎല്‍ഒ മാര്‍ക്കൊപ്പം നിയോഗിക്കേണ്ടതാണ്. അസോസിയേഷൻ്റെ നോട്ടീസ് ബോര്‍ഡുകളില്‍ എസ്ഐആറുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളും തീയതികളും ഓണ്‍ലൈന്‍ സൗകര്യങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളും പതിപ്പിക്കേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് എസ്ഐആര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ് സൈറ്റായ https://ceo.kerala.gov.in സന്ദര്‍ശിക്കുകയോ സംശയ നിവാരണത്തിനായി സംസ്ഥാന വോട്ടര്‍ ഹെല്പ്പ്ലൈന് നമ്പറായ 1950 എന്ന നമ്പറിലേക്കു വിളിക്കുകയോ ചെയ്യണമെന്നും രത്തന്‍ ഖേല്‍ക്കര്‍ അഭ്യര്‍ഥിച്ചു.