തിരുവനന്തപുരം അറബിക് സാഹിത്യോത്സവത്തിലും സംസ്‌കൃത കലോത്സവത്തിലും ഉള്‍പ്പെടെ സ്‌കൂള്‍ കലോത്സവത്തില്‍ ഒരു വിദ്യാര്‍ഥിക്ക് മത്സരിക്കാവുന്ന ഇനങ്ങളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തിയത് ഈ വര്‍ഷം നടപ്പാക്കില്ല. മുന്‍ വര്‍ഷങ്ങളിലേത് പോലെ വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പരിഷ്‌കരിച്ച പുതിയ മാന്വല്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഉപജില്ലാ മത്സരങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ് ഈ അധ്യയന വര്‍ഷം തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. പരിഷ്‌കരിച്ച മാന്വവല്‍ പ്രകാരം ഒരു മത്സരാര്‍ഥിക്ക് വ്യക്തിഗത ഇനത്തില്‍ പരമാവധി മൂന്ന് എണ്ണത്തിലും ഗ്രൂപ്പ് ഇനത്തില്‍ രണ്ട് എണ്ണത്തിലും മാത്രമാണ് മത്സരിക്കാനാകുക. മുന്‍ വര്‍ഷങ്ങളില്‍ അറബിക് സാഹിത്യോത്സവത്തിലും സംസ്‌കൃത കലോത്സവത്തിലും മത്സരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പൊതുവിഭാഗത്തില്‍ അഞ്ച് ഇനങ്ങളില്‍ക്കൂടി മത്സരിക്കാമായിരുന്നു. പഴയ മാന്വല്‍ പ്രകാരം ഉപജില്ലാ മത്സരങ്ങള്‍ ഉള്‍പ്പെടെ നടന്ന സാഹചര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

അതേസമയം പുതിയ മാന്വലില്‍ അഞ്ച് ഗോത്രകലകള്‍ മത്സര ഇനമായി ഉള്‍പ്പെടുത്തിയത് ഈ വര്‍ഷം തന്നെ നടപ്പിലാക്കും. മംഗലം കളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നിവയാണ് ഉള്‍പ്പെടുത്തിയത്.