കൊച്ചി∙ സംസ്ഥാന സർക്കാരിനു കീഴിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം കേന്ദ്രസർക്കാരിന്റെയും യുജിസിയുടെയും ഭാഗത്തു നിന്നുണ്ടാകുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ യുജിസി ചട്ടങ്ങൾ സംസ്ഥാന സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു അധ്യാപക നിയമനങ്ങൾക്കോ സമാനമായ കാര്യങ്ങൾക്കോ മിനിമം യോഗ്യത തീരുമാനിക്കുന്നതിൽ എതിർപ്പില്ല. എന്നാൽ യുജിസിയുടെ പല നടപടികളും പൊതുജന പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന സർവകലാശാലകളെ തകർക്കാനും അതുവഴി സ്വകാര്യ സർവകലാശാലകളുടെ വളർച്ചയ്ക്ക് വഴി തെളിക്കുന്നതുമാണ്– മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരിനും മുകളിലായി ചാൻസലറെ പ്രതിഷ്ഠിച്ചു കൊണ്ട് സംസ്ഥാനത്തിന്റെ അവകാശങ്ങളെ വെല്ലുവിളിക്കുകയാണ് കേന്ദ്രസർക്കാരും യുജിസിയുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി ആർ.ബിന്ദു പറഞ്ഞു. മന്ത്രി കെ.എൻ.ബാലഗോപാൽ, പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ പ്രഫ.വി.കെ.രാമചന്ദ്രൻ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇഷിത റോയ്, ബോസ്റ്റൺ കോളജ് പ്രഫസർ ഫിലിപ് ജി.അൽബാഷ്, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. സഞ്ജയ് ബഹറി, ലോകബാങ്ക് ടെറിറ്ററി എജ്യുക്കേഷൻ ഗ്ലോബൽ ലീഡ് ഡോ.നീന അർനോൾഡ്, നൊബേൽ ജേതാവ് പ്രഫ.ആദയോനാഥ്, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ, മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, കുസാറ്റ് വൈസ് ചാൻസലർ പ്രഫ.എം.ജുനൈദ് ബുഷിരി, മുൻ വൈസ് ചാൻസലർ പ്രഫ.പി.ജി.ശങ്കരൻ എന്നിവർ പ്രസംഗിച്ചു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രവും യുജിസിയും തകർക്കുന്നു: മുഖ്യമന്ത്രി