മലയാളികളുടെ ഉത്സവമായ ഓണക്കാലത്തെ വരവേറ്റുകൊണ്ട് സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ സെപ്തംബർ മൂന്നിന് ആരംഭിക്കും. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് ശേഷം സെപ്തംബർ ഒന്‍പതിന് ഘോഷയാത്രയോടെ തിരുവനന്തപുരത്താണ് പരിപാടി സമാപിക്കുക. ഓണാഘോഷ പരിപാടി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആഘോഷപരിപാടികൾ സംബന്ധിച്ച തീരുമാനങ്ങളെടുത്തത്.
എല്ലാ ജില്ലകളിലും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകൾ (ഡിടിപിസി) വഴി ജില്ലാതല ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്ത് കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും. ഓണച്ചന്തകള്‍, സാംസ്‌കാരിക പരിപാടികൾ ഉള്‍പ്പെടെയുള്ള വർണ്ണാഭമായ പരിപാടികള്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാ, സിഡിഎസ്, എ.ഡി.എസ് തലങ്ങളിൽ ഓണം മേളകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടു​ണ്ട്. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഹരിത ഓണം എന്ന നിലയിലാവും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. കേരളക്കരയാകെ ഏറ്റെടുത്ത വിപുലമായ ആഘോഷമായി ഈ ഓണക്കാലം മാറട്ടെ.