ടൊറന്റോ ∙ കനേഡിയൻ പാർലമെന്റിലെ ദേശീയ ഓണാഘോഷം നാലാം സീസണിലേക്ക്. ഇത്തവണ സെപ്റ്റംബർ 17 ന് വൈകിട്ട് അഞ്ചരയ്ക്കാണ് ഒട്ടാവയിലെ ജോൺ എ. മക്ഡോണൾഡ് ബിൽഡിങ്ങിൽ ദേശീയ ഓണാഘോഷത്തിന് പൂക്കളമൊരുങ്ങുന്നത്. ഇൻഡോ-കനേഡിയൻ കൗൺസിൽ ഫോർ ആർട്സ് ആൻഡ് കൾച്ചറലിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന പാർലമെന്റിലെ ഓണാഘോഷത്തിന് ആതിഥ്യംവഹിക്കുന്നത് ഇക്കുറിയും മൈക്കൽ ബാരറ്റ് എംപിയാണ്.
നാലു വർഷം മുൻപാണ് ആദ്യമായി കാനഡയിൽ പാർലമെന്റിലെ ഓണാഘോഷത്തിന് തുടക്കംകുറിച്ചത്. കഴിഞ്ഞ മൂന്നുവർഷവും ശ്രദ്ധേയമായ രീതിയിൽ നടത്തിയ ഓണാഘോഷം കാനഡയിലുടനീളമുള്ള മലയാളി സംഘടനകളെയും സമൂഹത്തെയും ഒന്നിച്ചുകൂട്ടുന്ന വേദിയായി മാറിയതിന്റെ അഭിമാനത്തിലാണ് സംഘാടകസമിതി കേരളത്തിന്റെ തനത് ആഘോഷത്തിന് കനേഡിയൻ തലസ്ഥാനത്ത് അരങ്ങൊരുക്കുന്നത്. ഒപ്പം കനേഡിയൻ സമൂഹത്തിൽ കേരളത്തിൽനിന്നുള്ളവരുടെ വർധിച്ചുവരുന്ന സാന്നിധ്യം വിളിച്ചറിയിക്കുന്നതിനും ഇതുപകരിച്ചു. വിപുലമായി സംഘടിപ്പിക്കുന്ന ഇത്തവണത്തെ ഓണാഘോഷത്തിലും ഭരണ, രാഷ്ട്രീയ, ഉദ്യോഗസ്ഥ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ബിജു ജോർജും കൺവീനർ റാം മതിലകത്തും അറിയിച്ചു. മുൻവർഷങ്ങളിൽ പങ്കെടുത്തവരിൽ ഫെഡറൽ മന്ത്രി അനിത ആനന്ദ്, പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ്, യൂക്കോൺ പ്രീമിയർ മലയാളിയായ രഞ്ജ് പിള്ള തുടങ്ങിയവർ ഉൾപ്പെടുന്നു. ഭരണ- പ്രതിപക്ഷ നേതൃനിരയിലെ മറ്റു പ്രമുഖരും പങ്കെടുത്തിട്ടുണ്ട്. ദേശീയ ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാ-സാംസ്കാരിക പരിപാടികളും ഓണസദ്യയുമുണ്ടാകും. കലാ-സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർ സംഘാടകസമിതിയുമായി ബന്ധപ്പെടണം. കലാകാരന്മാർക്ക് മൈക്കൽ ബാരറ്റ് എംപി ഒപ്പിട്ട സാക്ഷ്യപത്രങ്ങൾ നൽകും. ദേശീയ ഓണാഘോഷ പരിപാടിയുമായി പാർട്ണറാകാൻ കാനഡയിലുടനീളമുള്ള മലയാളി സംഘടനകൾക്ക് അവസരമുണ്ടാകും. പരിപാടിയിൽ പങ്കാളിത്തമുള്ള സംഘടനകളുടെ ഹൃസ്വ വിഡിയോ പ്രദർശനത്തിനും അവസരമുണ്ടാകും. കനേഡിയൻ മലയാളികൾക്കും ഇതര സമൂഹത്തിൽനിന്നുള്ള അതിഥികൾക്കും പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കെ ആഘോഷത്തിൽ പങ്കെടുക്കാനാകൂ. സ്ഥലപരിമിതിമൂലം ആദ്യം റജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമാകും അവസരം ലഭിക്കുക. ലണ്ടൻ, കിച്ചനർ, മിസിസാഗ, സ്കാർബ്രോ, കിങ്സ്റ്റൺ എന്നിവിടങ്ങളിൽനിന്നുള്ളവരുടെ സൗകര്യാർഥം പ്രത്യേക ബസ് സർവീസുണ്ടാകും. ഓണാഘോഷത്തിൽ പങ്കെടുക്കാൻ റജിസ്ട്രേഷൻ ലഭിച്ചവർക്ക് ബസ് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്ത് ഈ സൗകര്യവും പ്രയോജനപ്പെടുത്താം. ഉച്ചഭക്ഷണംകൂടി ഉൾപ്പെടുന്ന ടിക്കറ്റ് മിതമായ നിരക്കിലാണ് ലഭ്യമാക്കുന്നത്. സ്പോൺസർഷിപ്പിനും അവസരങ്ങളുണ്ട്.