ജില്ലാ സ്കൂൾ കലോത്സവം ആഘോഷമാക്കി കുറുപ്പംപടി. പണിയനൃത്തം, ഇരുളനൃത്തം, തിരുവാതിരക്കളി, കോൽക്കളി, വട്ടപ്പാട്ട് എന്നിങ്ങനെ നൃത്തപ്പൊലിമയിലായിരുന്നു കലോത്സവത്തിന്റെ മൂന്നാം ദിനം. 3–ാം ദിവസത്തിനൊടുവിൽ ആലുവയും എറണാകുളവും തമ്മിലുള്ള കിരീട മത്സരം മുറുകി. ഇരു ഉപജില്ലകൾക്കും 602 പോയിന്റ് വീതമുണ്ട്. പെരുമ്പാവൂർ 569 പോയിന്റോടെ മൂന്നാം സ്ഥാനത്തു തുടരുന്നു. സ്കൂൾ കിരീടത്തിലേക്ക് ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇഎംഎച്ച്എസ് (209) കാര്യമായ വെല്ലുവിളിയില്ലാതെ മുന്നേറുകയാണ്. എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തുണ്ട് (163), എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്എസ്എസാണ് മൂന്നാം സ്ഥാനത്ത് (157). അറബിക് കലോത്സവത്തിൽ യുപി വിഭാഗത്തിൽ കോലഞ്ചേരി, ആലുവ, മൂവാറ്റുപുഴ ഉപജില്ലകൾ 45 പോയിന്റുമായി ഒന്നാം സ്ഥാനം പങ്കിടുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ പെരുമ്പാവൂർ മുന്നിലെത്തി (70). സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ ആലുവ ഉപജില്ലയാണു മുൻപിൽ (68). യുപി വിഭാഗത്തിൽ 65 പോയിന്റുമായി എറണാകുളം, പറവൂർ, പെരുമ്പാവൂർ ഉപജില്ലകൾ ഒന്നാം സ്ഥാനത്തുണ്ട്. സംസ്കൃതോത്സവവും അറബിക് കലോത്സവവും ഇന്നു സമാപിക്കും. സംഘനൃത്തം, നാടോടിനൃത്തം, ചവിട്ടുനാടകം മത്സരങ്ങളാണു 4–ാം ദിവസത്തിലെ പ്രധാന ആകർഷണം. കലാമേള നാളെ സമാപിക്കും