തൃശ്ശൂർ : സമയം കൃത്യം 5.00. പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽനിന്ന് ആ വിജയയാത്ര ആരംഭിച്ചു. കാൽപ്പന്തിലെ സ്വപ്നതാരം ഐ.എം. വിജയനെ ചേർത്തുപിടിച്ച് തൃശ്ശൂർ പൗരാവലി നയിച്ച ഘോഷയാത്ര. റോഡിനിരുവശത്തുനിന്നും തൃശ്ശൂർക്കാർ തങ്ങളുടെ സ്വന്തം വിജയനെ അഭിവാദ്യം ചെയ്തു.
ടൗൺഹാളിലെത്തിയപ്പോഴേക്കും ഘോഷയാത്ര ഒരാൾക്കൂട്ടമായി. ലാളിത്യമാണ് ഐ.എം. വിജയന്റെ മുഖമെന്ന് കെ. രാധാകൃഷ്ണൻ എം.പി. ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ഔദ്യോഗികജീവിതത്തിൽനിന്ന് വിശ്രമജീവിതത്തിലേക്ക് പോകുന്ന സമയത്തുതന്നെ രാജ്യത്തിന്റ പരമോന്നത ബഹുമതി തേടിയെത്തിയത് വലിയൊരു ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ എട്ടരപ്പവന്റെ സുവർണപ്പന്ത് കെ. രാധാകൃഷ്ണൻ എം.പി. വിജയന് സമ്മാനിച്ചു.
വിജയന്റെ അധ്യാപിക പ്രഭാവതിയും ചടങ്ങിനെത്തിയിരുന്നു. പ്രിയ അധ്യാപികയെ ചേർത്തുപിടിച്ച് അനുഗ്രഹം വാങ്ങിയ ശേഷമാണ് താരം വേദിയിലേക്ക് കയറിയത്. പദ്മശ്രീ ലഭിച്ച വിജയന് വാക്കേഴ്സ് ക്ലബ്ബ്, വെറ്ററൻസ് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ തൃശ്ശൂർ പൗരാവലിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.